In deep thoughts...

In deep thoughts...
In deep thoughts...

Friday, May 15, 2020

കഥകളി രൂപം

കിഴക്ക് പ്രഭാതം കതിന കണക്കെ പൊട്ടി വിടർന്നു, ഉച്ചയായി, വൈകാതെ വൈകുന്നേരവും ആയി. സർവ്വശ്രീ സൂര്യൻ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പടിഞ്ഞാറ് മറഞ്ഞു. ഫ്രീക്കൻ രാവിലത്തെ മാതൃഭൂമി പേപ്പർ പ്രകാരം തീരുമാനിച്ച കഥകളിക്ക് പോകാൻ തന്റെ തൊലിയോടൊട്ടിയുള്ള ജീൻസും ഒരു മരണ ടീഷർട്ടും ഇട്ട് തന്റെ Duke Bike Start ചെയ്തു.

100 കിലോമീറ്റർ സ്പീഡിൽ പാഞ്ഞ് കലാമണ്ഡലം എത്തിയപ്പോഴേക്കും ചെണ്ടയും മദ്ദളവും ചേർന്നുള്ള അഭ്യാസം തുടങ്ങിയിരുന്നു. തന്റെ ചങ്ക് ഗഡീസ് ആരെങ്കിലും വന്നിട്ടുണ്ടോ എന്നൊന്ന് പരതി നോക്കി ആരെയും കണ്ടില്ല.  പച്ചവേഷങ്ങളും താടി വേഷങ്ങളും കത്തിവേഷങ്ങളും രംഗം കൊഴുപ്പിച്ചു കൊണ്ടിരുന്നു. മദ്ദളത്തിൻ്റെ ശബ്ദവും പാട്ടിൻ്റെ ഈണവും കൂടി അവൻ്റെ കണ്ണിന് കനം കൊടുത്തു തുടങ്ങി. യുദ്ധ രംഗം വരുന്നതുവരെ ഒന്നു കിടക്കാം. അവൻ കരുതി.അധികം വൈകാതെ തന്നെ രാവണൻ്റെ അലർച്ചയെ അനുസ്മരിക്കുന്ന കുർക്കം വലി കൂത്തമ്പലത്തിൻ്റെ പിൻനിരയിൽ കേട്ടുതുടങ്ങി. മദ്ദളത്തിൻ്റെ അതേ ശ്രുതിയിൽ തന്നെയാവണം കൂർക്കം എന്നത് അവന് നിർബന്ധമായിരുന്നു എന്നു വേണം കരുതാൻ.  അങ്ങിനെ ഉറക്കം ഉച്ചസ്ഥായിയിൽ എത്തിയപ്പോഴാണ് ആരുടെയോ തോണ്ട ൽ മുഖേന അവൻ ഉണരുന്നത്. ഉണർന്നപ്പോൾ മുമ്പിൽ ചോരയിൽ കുളിച്ച് കൂകി വിളിച്ചു കൊണ്ട് മൂന്നു നാല് രൂപങ്ങൾ. ൻ്റെ ഭഗവതീന്നും പറഞ്ഞ് അവൻ പാഞ്ഞ വഴിയിൽ ഒരു പുല്ലു പോലും മുളക്കില്ല. അങ്ങനെ പിന്നീട് മൂന്ന് നാല് ദിവസം ഫ്രീക്കന് പാരസിറ്റമോൾ കഴിക്കണ്ടി വന്നു. 



Tuesday, July 31, 2018

അകത്തോ പുറത്തോ? (സിനിമാ നിരൂപണം )

അകത്തോ പുറത്തോ? എന്ന സിനിമ പൂർണ്ണമായും സുദേവൻ എന്ന സംവിധായകന്റെ  പല വർഷങ്ങളായുള്ള ചിന്തയുടേയും പ്രയത്നത്തിന്റേയും ഫലമാണെന്ന് നിസംശയം പറയാൻ പറ്റും.
മരണത്തിനെ നാലുരീതിയിൽ നോക്കി കാണുന്ന നാല് സിനിമകൾ മത്സ്യം, പാവ, വൃദ്ധൻ, അവൾ.

മത്സ്യവും പാവയും നമുടെ മനസിനെ വല്ലാതെയൊന്നും തൊടാതെയും അലട്ടാതെയും കടന്നു പോകുമ്പോൾ വ്യദ്ധൻ നമ്മുടെ തന്നെ മരണത്തെ നമുക്കു കാണിച്ചു തരുന്നു. പിന്നീട് അവളിലേക്ക് വന്നപ്പോൾ മരണം വളരെ സങ്കീർണ്ണമാകു ന്നു.

ജനിച്ചതെല്ലാം മരിക്കുമെന്ന സാമാന്യ സത്യം അതിനെ പല ദ്യശ്യങ്ങളിലൂടെ കാണിച്ചു തരികയാണ് സുദേവൻ ഇവിടെ. അതിൽ മനുഷ്യനല്ലാത്ത ജീവനും ജീവനില്ലാത്തവക്കും മരണം അല്ലെങ്കിൽ അവസാനം ഉണ്ട് എന്നത് നമ്മൾ വിസ്മരിക്കും. എന്നാൽ സ്വന്തം മരണമാകുമ്പോൾ അത് നമ്മുടെ മനസിനെ ശരിക്കും തൊടുന്നു. അതുപോലെ തന്നെ നമുക്ക് ഒരു ബന്ധവുമില്ലാത്ത ആരുടെയൊക്കെയോ മരണം വളരെ സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളോടുകൂടി പറയുമ്പോൾ മനസിനെ ശരിക്കും ഉലക്കുന്നു.

മത്സ്യം, പാവ, വ്യദ്ധൻ എന്നിവ സാധാരണ സിനിമ അവതരണത്തിൽ നിന്നും വ്യത്യസ്തത തോന്നിയപ്പോൾ അവൾ സിനിമയുടെ സാധാരണ രൂപത്തെ പിൻതുടർന്നു എന്നു തോന്നി.

സിനിമ കണ്ടിറങ്ങി കഴിഞ്ഞാൽ അതിലെ രംഗങ്ങളേക്കാളുപരി മൊത്തം സിനിമയുടെ ഉള്ളടക്കം വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്ന ഒരു അനുഭവം സമ്മാനിച്ച സുദേവനും സംഘത്തിനും എന്റെ വലിയ നമസ്ക്കാരം.

Thursday, November 30, 2017

ശ്വാന സംവാദം


രാത്രി 12 മണി ആയിക്കാണും. ബാഗ്ലൂർ ദൊഡ്ഡതൊഗൂർ ബെട്ടദാസന പുര റോഡിൽ നടക്കുന്ന അന്താരാഷ്ട്ര ശ്വാന മഹാസമ്മേളനത്തിന്റെ ആവേശം എന്നിലേക്ക് പകർന്ന് നൽകി ഏതോ ഒരു ശ്വാന ശ്രേഷ്ഠൻ ഉച്ചത്തിൽ കത്തികയറി. എന്തായിരിക്കാം ഇത്ര കലുങ്കുഷിതമായ ചർച്ച?

അന്താരാഷ്ട്ര തലത്തിൽ മാംസാഹാരത്തിന്റെ വിലയിലെ വ്യതിയാനം തങ്ങളെ എങ്ങനെ ബാധിക്കും എന്നാണോ? ആവാൻ തരമില്ല. പണ്ട് ശ്വാന പ്രവീണൻ ഡോബറോത്തമൻ നാടെങ്ങും ചുറ്റി കറങ്ങി എന്തു കിട്ടിയാലും ഭക്ഷിക്കാനുള്ള സൗകര്യം അവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്.

ഇടത്, വലത് , നടു അങ്ങനെ അങ്ങനെ നീളുന്ന കക്ഷി തിരിഞ്ഞുള്ള രാഷ്ട്രീയ വാഗ്വാദമാകുമോ? ആവാൻ തരമില്ല. കാരണം ഏത് കക്ഷി ഭരിച്ചാലും തനിക്കവകാശപെട്ടത് താൻ തന്നെ നേടണം എന്ന വിവേക ബുദ്ധി അവർക്ക് കനിഞ്ഞ് നൽകിയിട്ടുണ്ട്.

സാത്വികരും നാസ്തികരും അവരിലെ തന്നെ പലവിഭാഗങ്ങളും താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ പല തരത്തിൽ ഒച്ചപാടുണ്ടാക്കുകയാണോ? ഏയ് അതൊന്നുമല്ല നിശ്ചം.

പിന്നെ ഇത്ര കണ്ട് ഉച്ചത്തിലും ശക്തിയിലുമുള്ള ചർച്ചയുടെ കാരണമെന്ത്?

കുഴിയേതാ റോഡേതാ എന്നറിയാത്ത നിലാദ്രി റോഡിലൂടെ ദിവസേന പരക്കം പായുന്ന അനേകലക്ഷം മനുഷ്യരെ കുറിച്ചായിരിക്കാനേ സാധ്യത ഉള്ളൂ. ഈ കുഴിയെല്ലാം താണ്ടി എത്തുന്ന ഇരുചക്ര വാഹന പ്രേമികളുടെ അമിത വാഹന പ്രേമത്തിന് കൂച്ചുവിലങ്ങിടാൻ നമ്മൾ എന്തു ചെയ്യണം എന്നും ആകാം. അർദ്ധരാത്രി കഴിഞ്ഞ് പ്രേമിച്ചും സല്ലപിച്ചും വരുന്ന കാമുകീ കാമുകൻ മാരുടെ മുന്നിൽ എങ്ങനെ സദാചാര പോലീസ് ചമയാം എന്നും ആകാൻ വഴിയുണ്ട്.

ചിന്തകളുടെ അറ്റം ഈ  ഘട്ടം എത്തിയപ്പോേളേക്കും ഉറക്കം എപ്പോളോ എ ന്നെ കീഴ്പെടുത്തിയിരുന്നു.

അപ്പോഴും ശ്വാന ശ്രേഷ്ഠൻമാർ ഘോര ഘോരം തങ്ങളുടെ ആക്രോശങ്ങൾ തൊടുത്തു വിട്ടു കൊണ്ടേയിരുന്നു. എല്ലാം നല്ലതിന്. ശുഭം!!

Saturday, November 4, 2017

ചിത്രം തിരഞ്ഞ് രാജസ്ഥാനിൽ

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ പണ്ട് ഗോപിനാഥൻ സർ ബോർഡിൻ മേൽ വരച്ച രാജസ്ഥാനിന്റെ ചിത്രമായിരുന്നു മനസിൽ.  റോഡിന്റെ ഇരുവശവുമുള്ള കരിമ്പിൻ തോട്ടങ്ങൾ, ബന്നാസ് നദിക്കരയിലുള്ള മാതാജിയുടെ അമ്പലം, അഞ്ചാറു കുടങ്ങൾ തലയിൽ മീതേക്ക് മീതേ വച്ച് പോകുന്ന സ്ത്രീകൾ അങ്ങനെ അങ്ങനെ.


നവോദയയിൽ നിന്ന് ഒമ്പതാം ക്ലാസിൽ അന്ന്യ സംസ്ഥാനത്തു പോയി പഠിക്കാൻ തെരഞ്ഞെടുത്ത പത്ത് കുട്ടികളിൽ ഒരാൾ ആയിരുന്നു ഞാൻ. ഇതിൽ പലരും ആദ്യമായി തീവണ്ടിയിൽ കയറുന്നവരായിരുന്നു. വീടും നാടും വിട്ട് പോകുന്നതിന്റെ വിഷമം പുതിയ ലോകം കാണാം എന്നുള്ള ആകാംക്ഷക്ക് വഴിമാറി. നവോദയ മതിൽകെട്ടിന്റെ പുറത്തു കടന്നതിന്റെ ഒരാശ്വാസവും ഞങ്ങളിൽ എല്ലാവരിലും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. ഞങ്ങളാകുന്ന പത്ത് കുട്ടികളെ സുരക്ഷിതമായി രാജസ്ഥാനിലെ ഛാൻ ഗ്രാമത്തിലുള്ള നവോദയ വിദ്യാലയത്തിൽ എത്തിക്കുക എന്ന ദൗത്യം രഘുനന്ദൻ സാറിനായിരുന്നു. അതിന്റെ പിരിമുറുക്ക മൊന്നും സാറിന്റെ മുഖത്തില്ലായിരുന്നു. രഘു സാറിന് യാത്ര ഒരു ഹരമായിരുന്നു എന്ന് തോനുന്നു. രഘു സാറിന്റെ നിർദ്ദേശങ്ങൾ ഞങ്ങൾ എത്ര കണ്ട് അനുസരിച്ചിരുന്നു എന്നുള്ളത് അദ്ദേഹത്തിന് മാത്രമേ പറയാൻ കഴിയൂ.


ഒറ്റപാലത്തു നിന്നും പാലക്കാട് എത്തുന്നതിനുള്ളിൽ തന്നെ ഞങ്ങൾ മറ്റു യാത്രക്കാരുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. എല്ലാവരുടേയും കൈയ്യിലുള്ള വലിയ പെട്ടികളും മറ്റു സാമാനങ്ങളും ഒരു വിധം സീറ്റിനടിയിൽ തിരുകി ഞങ്ങൾ ഞങ്ങളുടെ പുതിയ ലോകത്തിലേക്കുള്ള യാത്ര (' സാഹസ ' എന്നു വേണെങ്കിൽ ചേർക്കാം) ആരംഭിച്ചു. സഹ യാത്രികരായിരുന്ന പട്ടാളക്കാരായ ചേട്ടൻ മാരെ ബഹുമാന പുരസ്കരം ഓർക്കട്ടെ.  തോക്കുകളുടേയും ബോംബുകളുടേയും നടുവിലേക്കുള്ള യാത്രയാണെന്ന് ആരുടേയും മുഖം കണ്ടാൽ തോന്നില്ല. ഞങ്ങളുടെ കൂടെ ചിരിച്ചും കളിച്ചുമുള്ള ഒരുല്ലാസ യാത്ര. സാധാരണയായി പട്ടാളക്കാരുടേതായി പറയപ്പെടുന്ന മേനി പറച്ചിലൊന്നും അവരുടെ വായിൽ നിന്നും വന്നതായി ഓർക്കുന്നില്ല. എന്തിനു പറയുന്നു യുദ്ധത്തെ പറ്റിയോ പട്ടാള ജീവിതത്തെ പറ്റിയോ അവർ ഒന്നും പറഞ്ഞില്ല. പട്ടാളത്തിലെ പിരിമുറുക്കത്തെ ജോലിസ്ഥലത്തു എത്തുന്ന വരേക്കും ഓർക്കാതിരിക്കുക എന്നതായിരിക്കാം കാരണം. 


റെയിൽവേ കാന്റീനിലെ വട, സമൂസ, പഴംപൊരി എന്നിവ കൊണ്ടുവരുന്ന കോഴിക്കോട്ടുകാരൻ ഗോപാലേട്ടനാണ് പെട്ടെന്ന് ഓർമ്മ വരുന്ന ഒരാൾ. ഗോപാലേട്ടന്റെ ബേസിനിൽ നിന്നും വടയും മറ്റും സ്വയം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു.


ഒന്നര ദിവസത്തെ യാത്ര കഴിഞ്ഞ് ബീന സ്റ്റേഷനിൽ എത്തിയപ്പോഴേക്കും അവിടെ നിന്നും കോട്ടയിലേക്കുള്ള രാവിലത്തെ തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു.പിന്നെ കാത്തിരിപ്പിന്റെ പന്ത്രണ്ട് മണിക്കൂർ. ബോറടി മാറ്റാൻ ഒന്നുമില്ലാത്ത ബീനാ റെയിൽവേ സ്റ്റേഷൻ. ഒന്നര ദിവസത്തെ തീവണ്ടി യാത്രയും ബീനാ റെയിൽവേ സ്റ്റേഷനിലെ സൗകര്യമില്ലായ്മയും ഞങ്ങളെ കൂടുതൽ ക്ഷീണിതരാക്കി. രാത്രി തീവണ്ടിയുടെ സമയമാക്കുമ്പോളേക്കും ബീനയിൽ നല്ല മഴ തുടങ്ങിയിരുന്നു.

ഒരേ ഒരു സമാധാനം രാത്രി ട്രൈയിൻ കയറിയാൽ നീണ്ടു നിവർന്നു കിടന്നുറങ്ങാം എന്നായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച ഒരു യാത്രയായിരുന്നു അവിടന്നങ്ങോട്ട് . ബീന സ്റ്റേഷനിൽ ഉള്ള എല്ലാ ജനങ്ങളും ഞങ്ങൾക്ക് പോകാനുള്ള അതേ തീവണ്ടിയിലാണ് കയറിയത് എന്ന് തോനുന്നു. എങ്ങനെ ആ തീവണ്ടിയിൽ ഞങ്ങൾ പത്തു പേർ ഒരപകടവും കൂടാതെ കയറി പറ്റി എന്നുള്ളത് ഇപ്പോഴും അജ്ഞാതം. വന്ന്യമൃഗങ്ങളാല്ലാത്ത എല്ലാ ജീവജാലങ്ങളും ഞങ്ങൾക്ക് കൂട്ടായി തീവണ്ടിയിൽ ഉണ്ടായിരുന്നു. ഒരു മാന്ന്യദ്ദേഹം തനിക്ക് ഇറങ്ങാറായ സ്ഥലം എത്തിയപ്പോൾ സുരക്ഷാ ചങ്ങല വലിച്ച് യാതൊരു സങ്കോചവും കൂടാതെ ഇറങ്ങി പോകുന്നതിനും ഞങ്ങൾ സാക്ഷിയായി.  ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പന്ത്രണ്ട് മണിക്കൂറായിരുന്നു പിന്നീട്. ഒരു ബർത്തിൽ മൂന്നുപേരും അവരുടെ സാധന സാമഗ്രികളും. ഉറക്കം 'സുഖം' ആയി.


കോട്ടാ നഗരം ഞങ്ങളെ നന്നായി വരവേറ്റു. അവിടെ നിന്നും കഴിച്ച റൊട്ടി സബ്ജിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പിൽ ഉണ്ട്. കോട്ടയിൽ നിന്നും ഒന്നര മണിക്കൂർ ബസ് യാത്രയുണ്ട് ഛാനിലേക്ക്‌. ഇനി രണ്ടു കൊല്ലം സ്ഥിരമായി ശ്വസിക്കാനുള്ള കടുകെണ്ണയുടെ വാസനയുള്ള കാറ്റ് മൂക്കിലേക്ക് തുളച്ചു കേറ്റി കൊണ്ട് കോട്ട ജയ്പൂർ സൂപ്പർ ഫാസ്റ്റ് ഞങ്ങളേയും കൊണ്ട് പറപറന്നു.  ഒന്നര മണിക്കൂറിൽ ശകടം ഛാൻ ഗ്രാമത്തിലെ മയിലുകൾ പാർക്കുന്ന പേരാൽ മരത്തിൻ അടിയിൽ എത്തി.


ഇനി വരുന്ന സംഭവ ബഹുലമായ ഒരു കൊല്ലത്തിന്റെ സൂചന നൽകി അവിടത്തെ ഒരു ഗ്രാമീണന്റെ ട്രാക്ടറിൽ ഞങ്ങൾ ഞങ്ങളുടെ പുതിയ ആവാസ സ്ഥലത്തിന്റെ കവാടത്തിൽ എത്തിയപ്പോഴും ഗോപിനാഥൻ സാർ അന്ന് ബോർഡിൽ വരച്ച രാജസ്ഥാനിന്റെ ചിത്രം തിരയുകയായിരുന്നു.

Tuesday, October 31, 2017

കേരള തനിമ

പമ്പയാറൊഴുകുന്ന പത്തനംതിട്ടയും
പത്മനാഭൻ വാഴും അനന്തപുരിയും
പുനലൂരുള്ള
കൊല്ലവും വെളിച്ചം വിതറും
ഇടുക്കിയും
കായലോളങ്ങൾ തത്തി കളിക്കും ആലപ്പുഴയും അച്ചായൻമാർ പടുത്തുയർത്തിയ കോട്ടയവും പുതിയ പ്രതീക്ഷകളുടെ എറണാകുളവും ശക്തൻ വാണ തൃശിവപേരൂരും ടിപ്പു കോട്ട കെട്ടിയ പാലക്കാടും ഇക്കാക്കമാരുടെ മലപ്പുറവും സാമൂതിരി വാണ കോഴിക്കോടും കാട്ടു സൗന്ദര്യത്തിന്റെ വയനാടും സഖാക്കളുടെ കണ്ണൂരും കന്നട ചുവയുള്ള  കാസർകോടും  ചേർന്നൊരീ മണ്ണ് കേരള മണ്ണ്.

Saturday, July 12, 2014

വേനല്‍ മഴ

സഹിക്ക വയ്യാത്ത  ചൂട്. ചെന്നൈ അതിലാണല്ലോ പ്രശസ്തം. രാവിലെ എഴുന്നേറ്റപ്പോള്‍ കിടക്ക വിരിയില്‍ നിന്നും ഒരു കുടം വെള്ളം കിട്ടി കാണും. സാധാരണ ഈ കാലത്ത് ഒരു മഴ പതിവാണ്. ഇത്തവണ അതും കിട്ടിയിട്ടില്ല.

അച്ഛാ സൂ(zoo)!!ഊണു കഴിഞ്ഞ് കുറച്ച് വിശ്രമിക്കാം   എന്ന് കരുതി ഇരിക്കുംമ്പോളാണ് മകള്‍ ഒാര്‍മിപ്പിച്ചത്. രണ്ടു മൂന്നു ആഴ്ച്ച ആയി പറഞ്ഞു കൊണ്ടിരിക്കുന്നു. വേറെ പല തിരക്കിനാല്‍ പറ്റിയില്ല. ഉച്ച ചൂടിനെ വക വക്കാതെ ഞങ്ങള്‍ സൂ കാണാന്‍ ഇറങ്ങി.  പകുതി വഴി എത്തിയപ്പോഴേക്കും ആകാശം കറുത്തിരുണ്ടു. സൂ വിന്‍റെ അടുത്തെത്തിയപ്പോഴേക്കും കോരി ചൊരിയുന്ന മഴ. സൂ പോയിട്ട് ഒരു ചായ കുടിക്കാന്‍ പോലും വണ്ടിയില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റിയില്ല. മകളുടെ നിറഞ്ഞ കണ്ണുകള്‍ മനസ്സിനെ വേദനിപ്പിച്ചു എങ്കിലും ചൂട് കുറഞ്ഞതിന്‍റെ ആശ്വാസം മനസ്സിന് കുളിര്‍മ്മ ഏകാതിരുന്നില്ല.

Saturday, October 29, 2011

ബിഹാഗ്

മഴ പെയ്തു തോര്‍ന്നു, സായാഹ്ന സൂര്യന്‍ പകുതി താഴ്ന്നു, ഞാനും നീയും  സന്ധ്യയുടെ സൗന്ദര്യവും ആസ്വദിച്ച് ആ നനഞ്ഞ മലഞ്ചെരുവില്‍  നടന്നു നീങ്ങി. അകലെ എവിടെ നിന്നോ ദേശാടന കിളികള്‍ കൂട്ടമായ്‌ പറന്നു. ഇളം കാറ്റ് ഇടയ്ക്കിടയ്ക്ക് നമ്മളെ തഴുകി.  കൈകള്‍ കൂട്ടി പിടിച്ചു അങ്ങകലെ ഏകാന്തതയിലേക്ക്!! ധാരാളം സംസാരിക്കാനുണ്ടെങ്കിലും ഒന്നും മിണ്ടാതെ കണ്ണോടു കണ്ണും നട്ട് കയ്യോടു കയ്യും പിടിച്ചു മണിക്കൂറുകളോളം.  

മനസ്സില്‍ ഇങ്ങനെ ഒരു ചിത്രം വരച്ചു തന്നു ഉസ്താദ് അംജത് അലിഖാന്‍റെ മക്കള്‍ തങ്ങളുടെ ബിഹാഗ് രാഗാലാപനം അവസാനിപിച്ചു. തിരിച്ചു ചെന്നൈ നഗരത്തിന്റെ തിരക്കേറിയ അണ്ണാ സാലൈയിലൂടെ വരുമ്പോഴും മനസ്സ് നിറയെ ആ ചിത്രമായിരുന്നു. ബിഹാഗിന്റെ ചിത്രം.