In deep thoughts...

In deep thoughts...
In deep thoughts...

Wednesday, November 3, 2010

സമാധാനം എപ്പോഴും നമ്മോടു കൂടെ...

5 ആം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അഞ്ചാം ക്ലാസ്സിലാണ് ഞങ്ങള്‍ ഹിന്ദി പഠിച്ചു തുടങ്ങുന്നത്. ഹിന്ദി ടീച്ചര്‍ ഒരു പേടി സ്വപ്നം ആയിരുന്നു. 100 തവണ ഇമ്പോസിഷന്‍ എഴുതലാണ് മിനിമം ശിക്ഷ. എന്നും ചോദ്യം ചോദിക്കും പറഞ്ഞില്ലെങ്കില്‍ ഉത്തരം നൂറു തവണ എഴുതണം. ആ ദിവസം വേറെ ഹോം വര്‍ക്കൊന്നും കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ശിഷ്ടം ക്ലാസ്സില്‍ ഇരുന്നിരുന്നത്.

അന്ന് എനിക്ക് ഇമ്പോസിഷന്‍ കിട്ടിയ ദിവസമാണ്.  രാവിലെ എട്ടു മണി ആയിട്ടും എന്റെ എഴുത്ത് കഴിഞ്ഞിട്ടില്ല. പത്തു മണിക്ക് സ്കൂളില്‍ എത്തിയിട്ടില്ലെങ്കില്‍ ഹെഡ് മാഷിന്റെ കയ്യില്‍ നിന്നും ചൂരല്‍ കഷായം ഉറപ്പാണ്. എന്റെ എഴുത്തിനു സ്പീഡ് കൂട്ടി. അവസാനമാകുമ്പോഴേക്കും ദൈവം തമ്പുരാന് പോലും വായിക്കാന്‍ പറ്റാത്ത തരത്തിലായി എന്റെ എഴുത്ത്. ഇമ്പോസിഷന്‍ എഴുത്ത് കഴിഞ്ഞപ്പോള്‍ സമയം ഒമ്പതര മണി.  കുളി തേവാരങ്ങള്‍ ഒന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് എല്ലാം വളരെ കണക്കാക്കിയിട്ടെ മുന്നോട്ടു നീങ്ങി ഉള്ളു. കുളി, തേവാരം, ഭക്ഷണം എന്നിവക്കെല്ലാം ചേര്‍ത്ത് പത്തു മിനുട്ട് സമയം. ശേഷം സര്‍വ്വ ശക്തിയുമെടുത്തു ഓടിയാല്‍ ഹെഡ് മാഷ്‌ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്കൂള്‍ ഗേറ്റ് കടക്കാം. സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഹെഡ് മാഷ്‌ അകലെ നിന്നും ചൂരലുമായി വരുന്നത് കണ്ടു. ഡാ ഡാ എന്ന മാഷിന്റെ വിളിയെ വകവയ്ക്കാതെ നേരെ ക്ലാസ്സിലേക്ക് ഓടി. ഭാഗ്യം മാഷ്ക്ക് ആളിനെ മനസ്സിലായില്ല. നാലാമത്തേ പിരീഡ് ആണ് ഹിന്ദി. ഇമ്പോസിഷന്‍ മുഴുവന്‍ എഴുതിയുട്ടുണ്ടല്ലോ എന്ന് മാത്രമാണ് എന്റെ സമാധാനം. അവസാനം ആ സമയം സമാഗതമായി. ഹിന്ദി ടീച്ചര്‍ ക്ലാസിലേക്ക് വന്നു. ബാഗ്‌ തുറന്നു ഇമ്പോസിഷന്‍ എഴുതിയ പുസ്തകം നോക്കിയപ്പോള്‍ ആണ് ശരിക്കും വിയര്‍ത്തു പോയത്. പുസ്തകം എടുക്കാന്‍ മറന്നിരിക്കുന്നു. ടീച്ചര്‍ ഓരോരുത്തരുടെ ബുക്കുകള്‍ ആയി നോക്കി നോക്കി വന്നു. എനിക്ക് മുന്നിലെ ബെഞ്ചില്‍ എത്തിയപ്പോള്‍ ആണ് പെട്ടെന്ന് ആ ശുഭ വാര്‍ത്തയുമായി ഞങ്ങളുടെ പ്യൂണ്‍ വാസുവേട്ടന്‍ വന്നത്. ജില്ലയില്‍ എവിടെയോ ഒരു സ്കൂള്‍ അധ്യാപകനെ നാട്ടുകാര്‍ തടഞ്ഞു വച്ചത്രേ..മിന്നല്‍ പണിമുടക്ക്‌...മനസ്സില്‍ വന്ന സന്തോഷം കുറച്ചൊന്നുമല്ല...

1 comment:

Naveen Mekad said...

kashtichu rakshapettalle? Ende pedi swapnam njangade maths sir aayirunnu!!!