കിഴക്ക് പ്രഭാതം കതിന കണക്കെ പൊട്ടി വിടർന്നു, ഉച്ചയായി, വൈകാതെ വൈകുന്നേരവും ആയി. സർവ്വശ്രീ സൂര്യൻ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പടിഞ്ഞാറ് മറഞ്ഞു. ഫ്രീക്കൻ രാവിലത്തെ മാതൃഭൂമി പേപ്പർ പ്രകാരം തീരുമാനിച്ച കഥകളിക്ക് പോകാൻ തന്റെ തൊലിയോടൊട്ടിയുള്ള ജീൻസും ഒരു മരണ ടീഷർട്ടും ഇട്ട് തന്റെ Duke Bike Start ചെയ്തു.
100 കിലോമീറ്റർ സ്പീഡിൽ പാഞ്ഞ് കലാമണ്ഡലം എത്തിയപ്പോഴേക്കും ചെണ്ടയും മദ്ദളവും ചേർന്നുള്ള അഭ്യാസം തുടങ്ങിയിരുന്നു. തന്റെ ചങ്ക് ഗഡീസ് ആരെങ്കിലും വന്നിട്ടുണ്ടോ എന്നൊന്ന് പരതി നോക്കി ആരെയും കണ്ടില്ല. പച്ചവേഷങ്ങളും താടി വേഷങ്ങളും കത്തിവേഷങ്ങളും രംഗം കൊഴുപ്പിച്ചു കൊണ്ടിരുന്നു. മദ്ദളത്തിൻ്റെ ശബ്ദവും പാട്ടിൻ്റെ ഈണവും കൂടി അവൻ്റെ കണ്ണിന് കനം കൊടുത്തു തുടങ്ങി. യുദ്ധ രംഗം വരുന്നതുവരെ ഒന്നു കിടക്കാം. അവൻ കരുതി.അധികം വൈകാതെ തന്നെ രാവണൻ്റെ അലർച്ചയെ അനുസ്മരിക്കുന്ന കുർക്കം വലി കൂത്തമ്പലത്തിൻ്റെ പിൻനിരയിൽ കേട്ടുതുടങ്ങി. മദ്ദളത്തിൻ്റെ അതേ ശ്രുതിയിൽ തന്നെയാവണം കൂർക്കം എന്നത് അവന് നിർബന്ധമായിരുന്നു എന്നു വേണം കരുതാൻ. അങ്ങിനെ ഉറക്കം ഉച്ചസ്ഥായിയിൽ എത്തിയപ്പോഴാണ് ആരുടെയോ തോണ്ട ൽ മുഖേന അവൻ ഉണരുന്നത്. ഉണർന്നപ്പോൾ മുമ്പിൽ ചോരയിൽ കുളിച്ച് കൂകി വിളിച്ചു കൊണ്ട് മൂന്നു നാല് രൂപങ്ങൾ. ൻ്റെ ഭഗവതീന്നും പറഞ്ഞ് അവൻ പാഞ്ഞ വഴിയിൽ ഒരു പുല്ലു പോലും മുളക്കില്ല. അങ്ങനെ പിന്നീട് മൂന്ന് നാല് ദിവസം ഫ്രീക്കന് പാരസിറ്റമോൾ കഴിക്കണ്ടി വന്നു.